Detail

November 22, 2024

മസ്തിഷ്കത്തിന്റെ മാസ്മരികത!

എന്‍റെ ജീവിത പാഠം!!!

നിങ്ങൾക്കു സ്വന്തം ഓർമകളെ തൊട്ടു നോക്കാൻ പറ്റിയിട്ടുണ്ടോ എപ്പോളെങ്കിലും?നിറങ്ങൾ നിറഞ്ഞ സ്വപ്നങ്ങളെയോ? എല്ലാം മറന്നു ദേഷ്യം കൊണ്ട് വിറക്കുമ്പോൾ ആ ദേഷ്യത്തെ ഒന്ന് തൊടാൻ പറ്റിറ്റുന്നെകിൽ ഒന്ന് അടക്കി നിർത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? മിഴികൾ നിറഞ്ഞു തുളുമ്പുമ്പോൾ എങ്ങുനിന്നോ ഇരച്ചെത്തുന്ന ആ സങ്കടത്തിനെ ഒന്ന് തലോടി ശമിപ്പിക്കാം എന്നും തോന്നിയിട്ടുണ്ടോ? ഈ ഭാവങ്ങളെ ഒന്നും തൊട്ടറിയാവുന്നതല്ല എന്ന് നിങ്ങൾക്കറിയാം അല്ലെ?പക്ഷെ എനിക്കതു പറ്റിയിട്ടുണ്ട്!!! നുണയല്ല!!! ഒരു ന്യൂറോസർജന്റെ മാത്രം അനുഭവമാണത്!!സ്വപ്‌നങ്ങൾ ഓടിക്കളിക്കുന്ന ,ഓർമ്മകൾ ഒളിച്ചിരിക്കുന്ന നെർവുകൾക്കിടയിലൂടെ മൈക്രോസ്കോപ്പിന്റെ തേരിലേറി ഞാൻ സഞ്ചരിച്ചിട്ടുണ്ട്!!!

പലപ്പോഴും തലച്ചോറിലെ ഓപ്പറേഷനുകൾക്കിടയിൽ അനെസ്തേഷ്യയിലാണ്ടു കിടക്കുന്ന രോഗിയുടെ സങ്കടങ്ങളും സ്വപ്നങ്ങളും വേവലാതികളും നാഡികൾക്കിടയിലൂടെ എന്റെ കണ്ണുകളിലേക്കു എത്തിനോക്കുന്നതും ഞാൻ ഭാവനയിൽ കണ്ടിട്ടുണ്ട്!! ആലീസിന്റെ അദ്‌ഭുത ലോകം പോലെ എന്നെ വിസ്മയിപ്പിക്കുന്ന നിഗൂഢതകളുടെ മറ്റൊരു ലോകമാണ് മനുഷ്യ മസ്തിഷ്ക്കവും..ജൈവപരിണാമത്തിൽ മറ്റു ജീവികളേക്കാൾ മേൽകൈ മനുഷ്യന് നേടിക്കൊടുത്ത അവയവമാണു മസ്തിഷ്‌കം..ചിന്തകളും സ്വപ്നങ്ങളുംഉയിരിടുന്നത് നാഡികൾക്കുള്ളിൽ എവിടെയോ ആണെന്ന് മാത്രമേ നമുക്കിപ്പോളും അറിയാവൂ!! തലച്ചോറിൽ ഉണ്ടാകുന്ന മുഴകളോ ക്ഷതങ്ങളോ ബ്ലീഡിങ് തുടങ്ങിയവയോ നെർവുകളുടെ ഈഘടനയെ മാറ്റി മറിക്കുന്നു! സ്വപ്നങ്ങളും ഓർമയും വികാരങ്ങളും എല്ലാം നമ്മുടെ കൈ വിട്ടു പറന്നു പോകുന്നു നാമറിയാതെ അപ്പോളെല്ല്ലാം!

അർദ്ധ ബോധാവസ്ഥയിലോ ബോധം നഷ്ടപ്പെട്ടോ അനെസ്തേഷ്യയിലേക്കു തളർന്നു വീഴുന്ന ഓരോ രോഗിയും ഓരോ ജീവിതങ്ങളാണെന്നു ഞാൻ ഓർക്കാറുണ്ട്!! ഒരു പഞ്ഞിക്കെട്ടു പോലെ മൃദുവും തരളവുമായ തലച്ചോറിനുള്ളിൽ എവിടെയോ നഷ്ടപ്പെട്ട് പോയ നിറങ്ങളെയും സ്വപ്നങ്ങളെയും ജീവിതത്തെയും തിരിച്ചു കൊണ്ടുവരാൻ ദൈവമേ നീ എന്നെ വഴി കാണിക്കണേ എന്ന് ഞാൻ ഓപ്പറേഷൻ ടേബിൾ ൽ പ്രാര്ഥിക്കാറുണ്ട്!അതുകൊണ്ടു തന്നെ ഞാനൊരു സ്വപ്ന സഞ്ചാരി ആണ്.. ഓർമകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടവരുടെ കൂടെ ആണ് ഞാൻഎപ്പോളും.. എപ്പോളെങ്കിലും എനിക്കതു അവർക്കു തിരിച്ചു കൊടുക്കാൻ പറ്റിയാലോ!!!